എഫക്ടിവ് ഗ്രൂപ്പ് മാനേജ്മെന്റിന് ടെലഗ്രാം


ഇന്‍സ്റ്റന്റ് മെസഞ്ചറുകളുടെയെല്ലാം പ്രധാന ആകര്‍ഷണങ്ങളാണ് ഗ്രൂപ്പുകള്‍. ഫാമിലി, സ്കൂള്‍, കോളേജ് തുടങ്ങി എടിഎം ക്യൂവില്‍ നില്‍ക്കുന്നവര്‍ വരെ ഗ്രൂപ്പുണ്ടാക്കുന്നത് നാം തമാശയായി പറയാറുണ്ട്. എന്നാല്‍ പ്രത്യേക ലക്ഷ്യങ്ങളോടെ ചില വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുമാത്രമായി തുടങ്ങുന്ന ഗ്രൂപ്പുകളില്‍ സ്പാം മെസേജുകള്‍ നിറയുന്നതും വാട്ട്സപ്പ് ഒരിക്കല്‍ uninstall ചെയ്താല്‍ എല്ലാ വിവരങ്ങളും പോകുന്നതും ഗ്രൂപ്പില്‍ അംഗമാകുന്നവര്‍ക്കെല്ലാം പെര്‍സണല്‍ നമ്പര്‍ ലഭിക്കുന്നതും നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ? ഇതിനൊരു പരിഹാരം നേടണമെന്ന് ചിന്തിച്ചവരുണ്ടെങ്കില്‍ തുടര്‍ന്നുള്ള വായന നിങ്ങള്‍ക്ക് ഉപകാരപ്രദമാകും. പറയുന്നത് ടെലഗ്രാമിലെ ഗ്രൂപ്പുകളെക്കുറിച്ചാണ്. ടെലഗ്രാമിനെക്കുറിച്ച് മുഴുവനായി എഴുതിയ ലേഖനം ഇവിടെ വായിക്കാം. ടെലഗ്രാം ഒരു ക്ലൗഡ് സ്റ്റോറേജ് സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷനാണ്. നമുക്ക് സുപരിചിതമായ ഫെയ്സ്ബുക്ക്, ജിമെയില്‍ എന്നിവ പോലെ. (നാം ഒരു ഫോണില്‍ നിന്നോ ഇന്റര്‍നെറ്റ് ലഭ്യമായ ഏതെങ്കിലും ഉപകരണം വഴിയോ ഇവയിലെ ഡാറ്റകള്‍ നമുക്ക് കാണാനാകും. നാം ഡിലീറ്റ് ചെയ്താല്‍ മാത്രമേ അവ നഷ്ടപ്പെടുകയുള്ളൂ.) ടെലഗ്രാമിലും ഇങ്ങനത്തന്നെയാണ്, നിങ്ങള്‍ക്ക് മൊബൈലില്‍ ലഭ്യമായ ഏതെങ്കിലും ടെലഗ്രാം ക്ലയന്റ് അപ്ലിക്കേഷന്‍ വഴിയോ, വെബ് ബ്രൗസര്‍ വഴിയോ, കമ്പ്യൂട്ടറുകള്‍ക്ക് ലഭ്യമായ ടെലഗ്രാം സോഫ്റ്റ് വെയര്‍ വഴിയോ നിങ്ങളുടെ മെസേജുകള്‍ കാണാനാകും. ഗ്രൂപ്പുകള്‍ 3 തരത്തിലുണ്ട്, നോര്‍മല്‍ ഗ്രൂപ്പ്, സൂപ്പര്‍ഗ്രൂപ്പ് (പ്രൈവറ്റ്), സൂപ്പര്‍ഗ്രൂപ്പ് (പബ്ലിക്) എല്ലാ ഗ്രൂപ്പിന്റെയും പൊതുവായ കാര്യം അതില്‍ അംഗമാകുന്നവര്‍ക്ക് ഫോണില്‍ സേവ് ചെയ്യാത്ത ആളുകളുടെ നമ്പര്‍ കാണാന്‍ സാധിക്കില്ല എന്നതാണ്.

നോര്‍മല്‍ ഗ്രൂപ്പ്

250 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗ്രൂപ്പ്, എല്ലാവര്‍ക്കും മെമ്പേഴ്സിനെ ആഡ് ചെയ്യാം, ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് ലഭിക്കും.

സൂപ്പര്‍ഗ്രൂപ്പ് (പ്രൈവറ്റ്)

5000 അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും. അഡ്മിന്‍സിന് പൂര്‍ണ നിയന്ത്രണം. സ്പാം മെസേജുകള്‍ ഡിലീറ്റ് ചെയ്യാം.പ്രധാനപ്പെട്ട മെസേജുകള്‍ പിന്‍ ചെയ്ത് വെയ്ക്കാം, പോളിംഗ് ചെയ്യാവുന്ന ബോട്ടുകളുപയോഗിച്ച് ഗ്രൂപ്പംഗങ്ങള്‍ക്കിടയില്‍ അഭിപ്രായരൂപീകരണം നടത്താം. ഒരു മെമ്പര്‍ മെസേജ് ഗ്രൂപ്പ് മാറി അയച്ചാല്‍ അയാള്‍ക്ക് സ്വയം ഡിലീറ്റ് ചെയ്യാം. ഇന്‍വൈറ്റ് ലിങ്ക് വഴിയോ ഡയറക്ട് ആഡ് ചെയ്തോ മെമ്പേഴ്സിനെ കൂട്ടാം. ഒരാള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ മാത്രം അയാള്‍ക്ക് ഗ്രൂപ്പിലെ മെസേജുകള്‍ കാണാന്‍ കഴിയുന്നു. ഗ്രൂപ്പില്‍ മുമ്പ് അയച്ച എല്ലാ മെസേജുകളും കാണാന്‍ കഴിയും. ക്ലൗഡ് സ്റ്റോറേജ് ആയതുകൊണ്ട് ഏതുസമയത്തും ഗ്രൂപ്പില്‍ ഷെയര്‍ചെയ്ത ഫോട്ടോസ്, ഫയല്‍സ്, വിഡിയോസ്, ലിങ്കുകള്‍ എന്നിവ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനം. ഇതിന് ഗ്രൂപ്പിന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ shared media, shared files, shared links എന്നിങ്ങനെയുള്ള ഓപ്ഷന്‍സ് കാണാവുന്നതാണ്. എത്ര തവണ ടെലഗ്രാം കളഞ്ഞാലും പിന്നീട് പുതിയ ഒരു അക്കൗണ്ടില്‍ വന്ന് ഈ ഗ്രൂപ്പില്‍ അംഗമായാലും കാലാകാലം ഈ ഫയലുകള്‍ നമ്മുടെ കൈപ്പിടിയില്‍ത്തന്നെയുണ്ടെന്നത് പ്രത്യേകം ഓര്‍ക്കുമല്ലോ..ഡാറ്റകള്‍ നഷ്ടപ്പെടുമെന്നോര്‍ത്ത് വിഷമിക്കണ്ടെന്ന് സാരം. ഫോണില്‍ നിന്ന് കളഞ്ഞാലും ആവശ്യമുള്ള സമയത്ത് വീണ്ടും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

സൂപ്പര്‍ഗ്രൂപ്പ് (പബ്ലിക്)

പ്രൈവറ്റ് ഗ്രൂപ്പില്‍ നിന്ന് വിഭിന്നമായി ഇന്‍വൈറ്റ് ലിങ്കിന് പകരം ഒരു യൂസര്‍നെയിം ലഭിക്കുന്നു. ഈ യൂസര്‍നെയിം വച്ച് ആര്‍ക്കുവേണമെങ്കിലും ഗ്രൂപ്പില്‍ അംഗമാകാം. അംഗമാകാതെത്തന്നെ ഗ്രൂപ്പിലെ മെസേജുകള്‍ വായിക്കുകയും ചെയ്യാം. (രഹസ്യ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ക്ക് പറ്റിയതല്ല പബ്ലിക്)

ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറഞ്ഞ് നിര്‍ത്താം. കുറച്ച് ദിവസം നെറ്റ് ഇല്ലാതിരുന്ന് വാട്ട്സപ്പ് ഓണ്‍ചെയ്താല്‍ ഒരു ഗ്രൂപ്പില്‍ 1000 മെസേജ് വന്നിട്ടുണ്ടെങ്കില്‍ എന്താകും സ്ഥിതി? കുറച്ച് നേരം ഫോണ്‍ അനക്കാതെയങ്ങ് പിടിച്ചേക്കാം അല്ലേ.. വോയ്സ് നോട്ടുകളുണ്ടെങ്കില്‍ അതെല്ലാം തനിയെ ഡൗണ്‍ലോഡാകുന്ന ബുദ്ധിമുട്ട് വേറെയും. ഈ പ്രശ്നം ടെലഗ്രാമില്‍ വരില്ല. അത് എത്ര തന്നെ അധികം മെസേജി വന്നാലും. ഇതിനുള്ള ഉത്തരവും ക്ലൗഡ് സ്റ്റോറേജിലാണ് കിടക്കുന്നത്. മെസേജുകളെല്ലാം ക്ലൗഡ് സ്റ്റോറേജിലാണ് ലോഡ് ചെയ്ത് കിടക്കുന്നത്. നമ്മുടെ ഫോണിലല്ല. ഒരു ഗ്രൂപ്പ് തുറക്കുമ്പോള്‍ മാത്രമാണ് ആ പേജ് നമ്മുടെ ഫോണിലേക്ക് ലോഡ് ചെയ്യപ്പെടുന്നത്.മുകളിലേക്ക് സ്ക്രോള്‍ ചെയ്ത് പോകുമ്പഴാണ് ആ ഭാഗം ലോഡ് ചെയ്യപ്പെടുന്നത്. വോയ്സ് മെസേജുകള്‍ ഓട്ടോ ഡൗണ്‍ലോഡ് ഓഫ് ചെയ്തിടാനും കഴിയും. ഒരു വോയ്സ് പ്ലേ ചെയ്താല്‍ തുടര്‍ന്നുള്ളവ തുടര്‍ച്ചയായി പ്ലേ ആകുന്നതാണ് മറ്റൊരു സൗകര്യം. അപ്പോള്‍ സ്പാം മെസേജുകലില്ലാതെ, എന്നെന്നേക്കും ഡാറ്റകള്‍ സൂക്ഷിക്കാനും മികച്ച ഗ്രൂപ്പ് അനുഭവം ലഭ്യമാക്കാനും ടെലഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു. ഒപ്പം മൂവായിരത്തോളം മലയാളികളുള്ള @keralagram ടെലഗ്രാം ഗ്രൂപ്പിലേക്കും.