ജനയുഗം സ്വതന്ത്രസോഫ്റ്റ്വെയർ മാറ്റം - പിന്നിട്ട വഴികൾ


ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഒരു ദിനപ്പത്രം പൂര്‍ണമായി സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക് മാറുന്നു. മലയാള പ്രസാധനരംഗത്തെ വിപ്ലവകരമായ ഈ ചുവട് വെപ്പില്‍ പ്രധാന പങ്കുവഹിക്കാൻ കഴിഞ്ഞു എന്നത് തന്നെ അഭിമാനമുണര്ത്തുന്നതാണ്. ഈ ആശയത്തിന്റെ തുടക്കം മുതല്‍ ഒട്ടനേകം ആശങ്കകളെയും പ്രതിസന്ധികളെയും വിജയകരമായി തരണം ചെയ്താണ് ഇന്ന് ജനയുഗം പത്രം ഗ്നുലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ സ്ക്രൈബസിന്റെയും ജിമ്പിന്റെയും സഹായത്തോടെ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. janayugomlinux

പദ്ധതിയുടെ തുടക്കം

ജനയുഗം തനതുലിപിയിലേക്ക് മാറുന്നതിനായുള്ള പ്രവർത്തനങ്ങൾ ഹുസൈൻ മാഷിന്റെയും അശോകൻ മാഷിന്റെയും നേതൃത്വത്തിൽ ജനയുഗത്തിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പൂർണമായും സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് മാറ്റാൻ ഹുസൈൻ മാഷ് സഖാവ് രാജാജിയോട് നിർദേശം വെക്കുന്നത്. തുടർന്ന് പ്രവീൺ അരിമ്പ്രത്തൊടിയോട് സ്ക്രൈബസിനെക്കുറിച്ച് ചോദിക്കുകയും അദ്ദേഹം ഹുസൈൻ മാഷുമായി എന്നെ കണക്ട് ചെയ്യുകയും ചെയ്തു. ഞാൻ, രഞ്ജിത്ത്, അമ്പാടി, കണ്ണൻ തുടങ്ങിയവർ ചേർന്ന് നടത്തുന്ന ആൽഫഫോർക്കിലേക്ക് ഈ പ്രോജക്ട് എത്തുന്നത് അങ്ങനെയാണ്. ഫോണ്ട് ഡിസൈനിംഗ് രംഗത്തും, മലയാള അക്ഷരങ്ങളുടെ തിരിച്ചുപിടിക്കലിൽ പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഹുസൈൻ മാഷും ലെറ്റർ പ്രസ് കാലഘട്ടം മുതലേ ഡിടിപി രംഗത്തുള്ള അശോകൻ മാഷുമായിരുന്നു ഈ പദ്ധതിയുടെ സൂത്രധാരന്മാർ. അതുകൊണ്ടുതന്നെ മൂന്ന് ഫോണ്ടുകൾ ജനയുഗത്തിനായി പിറന്നുകഴിഞ്ഞു. ലേയൗട്ടിംഗും പ്രിന്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അശോകൻ മാഷുടെ പ്രാവീണ്യം ഈ പ്രോജക്ടിൽ വളരെ സഹായകമായി. ഞങ്ങളുടെ ദൗത്യം ഗ്നുലിനക്സിലേക്ക് അവരുടെ മുഴുവൻ സംവിധാനവും പറിച്ചു നടുക എന്നതായിരുന്നു.

ജനയുഗത്തിലെ മാറ്റങ്ങള്‍

വിന്റോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ അഡോബ് പേജ്മേക്കര്‍ എന്ന സോഫ്റ്റ്‍വെയറിലാണ് ജനയുഗം പുറത്തിറങ്ങിക്കൊണ്ടിരുന്നത്, പുതിയകാലത്തിന്റെ യുണിക്കോഡ് പിന്തുണ ഈ സോഫ്റ്റ്‍വെയറിലുണ്ടായിരുന്നില്ല. കൂടാതെ ഫോട്ടോഷോപ്പും പ്രധാന സോഫ്റ്റ്‍വെയറായിരുന്നു. ഈ ഒരു സോഫ്റ്റ്‍വെയര്‍ സ്റ്റാക്ക് മുഴുവനായി മാറ്റി സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ഇംപ്ലിമെന്റ് ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ജോലി.

  • ആസ്കിഫോണ്ടുകള്‍ക്ക് പകരം തനതുലിപിയിലുള്ള യുണിക്കോഡ് ഫോണ്ട്
  • വിന്റോസിന് പകരം ജനയുഗത്തിന് വേണ്ടി തയ്യാറാക്കിയ ജനയുഗം ലിനക്സ്
  • പേജ്മേക്കറിന് പകരം സ്ക്രൈബസ്
  • ഫോട്ടോഷോപ്പിന് പകരം ജിമ്പ്

ഇവയായിരുന്നു പ്രധാന മാറ്റങ്ങള്‍. അതിന് പുറമേ ആസ്കി ടെക്സ്റ്റുകളെയും പേജ്മേക്കര്‍ ഫയലുകളെയും കൈകാര്യം ചെയ്യാൻ ജനയുഗം എഡിറ്റ് എന്ന സോഫ്റ്റ്‍വെയറും വ്യാപകമായി ഉപയോഗിക്കുന്നു.

ആദ്യഘട്ടം

പ്രാഥമിക ചര്‍ച്ചകള്‍ക്കുശേഷം തിരുവനന്തപുരത്തെ പ്രധാന ഓഫീസില്‍ കുറച്ച് കമ്പ്യൂട്ടറുകളില്‍ ലിനക്സ് ഇൻസ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കി. തുടര്‍ന്ന് ഞായറാഴ്ചപതിപ്പ് സ്ക്രൈബസില്‍ ലേയൗട്ട് ചെയ്തു. അതിനിടയ്ക്ക് മലയാളവുമായി ബന്ധപ്പെട്ട് സ്ക്രൈബസില്‍ ഒരു പ്രശ്നം കണ്ടെത്തി. ഡിസൈനിംഗില്‍ വളരെ ആവശ്യമുള്ള വാക്കുകളുടെ വീതികുറയ്ക്കുന്ന സംവിധാനത്തിലായിരുന്നു ഈ പ്രശ്നം. ഉടൻ തന്നെ അത് സ്ക്രൈബസില്‍ അറിയിക്കുകയും വളരെ പെട്ടെന്ന് തന്നെ അത് പരിഹരിച്ചെടുക്കുകയും ചെയ്തു. അതിന് ശേഷം ഓണപ്പതിപ്പ് സ്ക്രൈബസില്‍ പുറത്തിറങ്ങി. സെപ്തംബര്‍ 2ന് ആദ്യ ബാച്ച് ട്രെയിനിംഗ് ആരംഭിച്ചു. ഗ്നുലിനക്സിന്റെ അടിസ്ഥാനപ്രവര്‍ത്തനം, കീബോര്‍ഡ്, ആസ്കിയും യുണിക്കോഡും തമ്മിലുള്ള വ്യത്യാസം, ജിമ്പ്, ഇങ്ക്സ്കേപ്, സ്ക്രൈബസ് എന്നിവയില്‍ ട്രൈനിംഗ് നല്‍കി. training1 training2 training3

ജനയുഗം ലിനക്സ്

സ്വതന്ത്രസോഫ്റ്റ്‍വെയറായ കുബുണ്ടു 19.04നെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ഓപറേറ്റിംഗ് സിസ്റ്റമാണിത്. ജനയുഗത്തില്‍ ഉപയോഗിക്കേണ്ട എല്ലാ സോഫ്റ്റ്‍വെയറുകളും ഫോണ്ടുകളും ഉള്‍ക്കൊള്ളിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മാറ്റം വരുത്തിയ ഇൻസ്ക്രിപ്റ്റ് കീബോര്‍ഡും ഈ ഓഎസിലുണ്ട്. മലയാളം ടൈപ് ചെയ്യുമ്പോള്‍ തന്നെ സെമികോളനും മറ്റും ടൈപ് ചെയ്യാനാവുകയും രൂപയുടെ ചിഹ്നവും ചില്ലക്ഷരങ്ങളും എളുപ്പത്തില്‍ ടൈപ് ചെയ്യാവുന്ന വിധത്തിലാണ് ഈ കീബോര്‍ഡ് നിര്‍മിച്ചത്. ചിത്രങ്ങളെ ചെറുതാക്കല്‍, ഫോര്‍മാറ്റ് മാറ്റല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള അഡീഷണല്‍ സംവിധാനവും ഓഎസില്‍ ചേര്‍ത്തിട്ടുണ്ട്. ചിത്രത്തെ CMYK യിലേക്ക് മാറ്റാനുള്ള ഓപ്ഷനും ഇതില്‍പെടുന്നു. സ്ക്രീനിലെ കളര്‍ കോപി ചെയ്യാവുന്ന കളര്‍പിക്കര്‍, മുൻപ് കോപി ചെയ്ത കണ്ടന്റുകള്‍ ഓര്‍ത്തിരിക്കുന്ന ക്ലിപ്ബോര്‍ഡ് തുടങ്ങി ജോലിയെ സഹായിക്കുന്ന പ്ലഗിനുകളെല്ലാം ചേര്‍ത്താണ് ജനയുഗം ലിനക്സ് ഒരുക്കിയത്.

ജനയുഗം എഡിറ്റ്

source code

പത്രം മുഴുവനായി യുണിക്കോഡിലേക്ക് മാറിയെങ്കിലും പലയിടത്തുനിന്നും ആസ്കിയിലുള്ള ഫയലുകള്‍ ലഭിക്കും. മാത്രമല്ല മുൻപ് ചെയ്ത് വെച്ച ഫയലുകളെയും പിന്നീട് ഉപയോഗിക്കേണ്ടതായിവരും. ഇത്തരത്തില്‍ ആസ്കിയെ യുണിക്കോഡിലേക്ക് മാറ്റാനായി ഞങ്ങള്‍ തയ്യാറാക്കിയ സോഫ്റ്റ്‍വെയറാണ് ജനയുഗം എഡിറ്റ്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് തയ്യാറാക്കിയ മാതൃക ഉപയോഗിച്ചാണ് ഈ സോഫ്റ്റ്‍വെയര്‍ നിര്‍മിച്ചത്. നിലവില്‍ വിന്റോസില്‍ ലഭ്യമായ ടൈപിറ്റിനേക്കാള്‍ വളരെ കൂടുതല്‍ കണ്ടന്റ് സെക്കന്റുകള്‍ക്കുള്ളില്‍ കണ്‍വേര്‍ട്ട് ചെയ്ത് ലഭിക്കുന്നത് ജനയുഗം എഡിറ്റിന്റെ സവിശേഷതയാണ്. janayugomedit

പേജ്മേക്കര്‍ പ്രശ്നം

പേജ്മേക്കര്‍ ഫയലുകള്‍ വന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരുന്നു തുടക്കംമുതലുള്ള പ്രശ്നം. ലിനക്സില്‍ ലഭ്യമായിട്ടുള്ള പേജ്മേക്കര്‍ തുറക്കാവുന്ന സംവിധാനത്തില്‍ മലയാളം അക്ഷരങ്ങള്‍ നഷ്ടപെട്ടുപോകുന്ന പ്രശ്നമുണ്ടായിരുന്നു. ആദ്യഘട്ട ട്രൈനിംഗിന് ശേഷം libpagemaker എന്ന് പേരായ സോഫ്റ്റ്‍വെയര്‍ മാറ്റം വരുത്തി മലയാളത്തിനുണ്ടായ പ്രശ്നം പരിഹരിച്ചു. തുടര്‍ന്ന് പേജ്മേക്കര്‍ ഫയല്‍ തുറക്കുന്നതിനുള്ള പിന്തുണ ജനയുഗം എഡിറ്റില്‍ ലഭ്യമാക്കി. അതോടുകൂടെ പേജ്മേക്കര്‍ ഫയലുകള്‍ ജനയുഗം എഡിറ്റില്‍ തുറന്ന് യുണിക്കോഡിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാവുന്ന രീതിയിലായി.

നെറ്റ്‍വര്‍ക്ക്

ഫയലുകള്‍ കൈമാറുന്നതിനായി സര്‍വര്‍ സംവിധാനം വിന്റോസിലായിരുന്നു. അതുകൊണ്ട് തന്നെ ഒരേ ഫയലുകള്‍ വ്യത്യസ്ത ആളുകള്‍ ഒരേസമയം തുറക്കുന്നതൊക്കെ പ്രശ്നമായിവന്നു. തുടര്‍ന്ന് ലിനക്സ് സെര്‍വറിലേക്ക് മാറുകയും ജനയുഗം എഡിറ്റിനെ ടെക്സ്റ്റ് എഡിറ്റര്‍ കൂടി ആയി പരിഷ്കരിക്കുകയും ചെയ്തു.

ഹാര്‍ഡ്‍വെയറുകള്‍

പ്രിന്റര്‍, സ്കാനര്‍ തുടങ്ങിയ ഹാര്‍ഡ്‍വെയറുകള്‍ക്ക് ലിനക്സ് പിന്തുണയില്ലാത്ത മോഡലുകള്‍ ഉണ്ട്. ജനയുഗത്തിലെ എല്ലാ ബ്യൂറോകളിലും കൂടി ചില പ്രിന്ററുകളും സ്കാനറുകളും ലിനക്സ് പിന്തുണയില്ലാത്തതുണ്ടായിരുന്നു. മറ്റുള്ളവയ്ക്കെല്ലാം ഡ്രൈവര്‍ സോഫ്റ്റ്‍വെയറുകള്‍ ഇൻസ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാനായി.

പ്രസ്സും സ്ക്രൈബസും

ആദ്യസമയത്ത് രണ്ട് പ്രസുകളില്‍ പ്രിന്റിംഗുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉടലെടുത്തുവന്നു. അതില്‍ ഒരു പ്രശ്നം രജിസ്ട്രേഷന്‍ മാര്‍ക്ക് മാറിക്കിടക്കുന്നതുസംബന്ധിച്ചായിരുന്നു. രണ്ടാമത് വന്ന പ്രശ്നം സ്ക്രൈബസില്‍ ചെയ്ത പിഡിഎഫ് പ്ലേറ്റാക്കി മാറ്റാൻ പറ്റുന്നില്ല എന്നതായിരുന്നു. പ്രസ്തുത പ്രസില്‍ അന്വേഷിച്ചപ്പോള്‍ അവരിപ്പോഴും വിന്റോസ് xp ആയിരുന്നു ഇപയോഗിച്ചിരുന്നത്. അതിനകത്ത് യുണിക്കോഡ് പിന്തുണ ഇല്ലാത്തതുകൊണ്ടും സ്ക്രൈബസില്‍ നിന്ന് വരുന്ന പിഡിഎഫില്‍ ഫോണ്ട് ഇൻഫര്‍മേഷൻ ഉണ്ടായതുമായിരുന്നു പ്രശ്നം. സ്ക്രൈൂബസില് നിന്നും പിഡിഎഫ് എടുക്കുമ്പോള്‍ ഫോണ്ടുകള്‍ ഔട്ട് ലൈൻ ചെയ്തുകൊണ്ട് ഈ പ്രശ്നം പരിഹരിച്ചു

സ്ക്രൈബസിലെ തുടര്‍ച്ച

സ്ക്രൈബസിലെ പ്രശ്നം ഡെവലപ്മെന്റ് ടീമിനോട് നേരിട്ട് ഇടപെട്ട് പരിഹരിച്ചതിന് ശേഷം അവരുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. ജനയുഗത്തിലെ ഈ മാറ്റത്തിന്റെ കാര്യം അവരുമായി സംസാരിക്കുകയും തുടര്‍ന്ന് ട്രൈനിംഗില്‍ നിന്ന് ലഭിച്ച ഫീഡ്ബാക്കുകള്‍ അവരെ അറിയിക്കുകയും അതിനനുസൃതമായി ചില മാറ്റങ്ങള്‍ സ്ക്രൈബസില്‍ വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ജനയുഗം ഉദ്ഘാനച്ചടങ്ങിന് പങ്കെടുത്ത ഒമാൻ ഡെവലപ്പർ ഫഹദ് അൽ സൈദിയുമായി ഞങ്ങൾ സംസാരിക്കുകയും സ്ക്രൈബസിന്റെ ടെക്സ്റ്റ് കോഡ് വിശദീകരിച്ചുതരികയും ചെയ്തു. തുടർന്ന് കോഡ് റിവ്യൂ ചെയ്യാനും മറ്റും പരിപൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. withfahad ഫഹദ് അല്‍ സൈദിയുടെ കൂടെ സ്ക്രൈബസ് കോഡ് പരിചയപ്പെടുന്നു

ഭാവി

ജനയുഗത്തില്‍ നിന്ന് ലഭിച്ച ഫീഡ്ബാക്കനുസരിച്ച് പുതിയ ഡെവലപ്മെന്റുകള്‍ സ്ക്രൈബസില്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മറ്റ് പത്രങ്ങളും ഡി‍ടിപി മേഖലയിലുള്ളവരും ഇതുപയോഗിച്ച് തുടങ്ങുന്നതോട് കൂടി സ്ക്രൈബസ് കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കും. ഡെവലപ്മെന്റിലേക്ക് പണം കണ്ടെത്താനായാല്‍ അതുവഴി വരുത്തുന്ന എല്ലാ മാറ്റങ്ങളും ഏതൊരു സാധാരണക്കാരനും സ്ഥാപനങ്ങള്‍ക്കും പിന്നീട് സൗജന്യമായി ഉപയോഗിക്കാനാവും.