അര്‍ഥം പറയുന്ന സ്മാര്‍ട്ട് സബ്ടൈറ്റില്‍
ഇംഗ്ലീഷ് സബ്ടൈറ്റിലില്‍ സിനിമ കാണുമ്പോള്‍ ചില വാക്കുകളുടെ അര്‍ഥം അറിയാതെ ബുദ്ധിമുട്ടിയിട്ടുണ്ടോ ? ആ ഒരു വാക്കിന്റെ അര്‍ഥം കിട്ടാനായി സിനിമ പോസ് ചെയ്ത് ഓണ്‍ലൈന്‍/ഓഫ്‍ലൈന്‍ ഡിക്ഷ്നറി തിരഞ്ഞ് പോകേണ്ടി വന്നിട്ടുണ്ടോ ? എങ്കില്‍ അതിനൊരു പരിഹാരം ഇതാ. iteractive subtitles. mpv എന്ന പ്ലയറില്‍ പ്രവര്‍ത്തിക്കുന്ന ഒരു കുഞ്ഞു സ്ക്രിപ്റ്റ് ആണ് ഇത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് സംശയം വരുന്ന വാക്കിന് മീതെ മൗസ് കൊണ്ടുപോയി വെക്കേണ്ട കാര്യമേയുള്ളൂ. ആ വാക്കിന്റെ മലയാളം അര്‍ഥങ്ങള്‍ സ്ക്രീനില്‍ത്തന്നെ തെളിയുകയായി. ആ സമയം സ്വതവേ സിനിമ പോസ് ആവുകയും വാക്കിന് മുകളില്‍ നിന്ന് മൗസ് മാറ്റിയാല്‍ വീണ്ടും സിനിമ പ്ലേ ചെയ്ത് തുടങ്ങുകയും ചെയ്യും. ഗ്നുലിനക്സ് സിസ്റ്റങ്ങളില്‍ എങ്ങനെ ഇത് പ്രവര്‍ത്തനസജ്ജമാക്കാം എന്നാണ് ഇവിടെ പറയുന്നത്. (ക്ഷമിക്കുക,വിന്റോസ് അങ്ങനെ ഉപയോഗിക്കാറില്ല)
intersub
github ല്‍ നിന്നും ലഭിച്ച ഈ റെപോസിറ്ററി മലയാളത്തിന് വേണ്ടി പാകപ്പെടുത്തിയെടുത്തതാണ് നമ്മളിവിടെ ഉപയോഗിക്കുന്നത്. ഈ സ്ക്രിപ്റ്റില്‍ വിവിധതരം ഡിക്ഷ്നറികള്‍ ലഭ്യമാണ്. ഓണ്‍ലൈനായി ലഭിക്കുന്ന ഒട്ടനവധി ഡിക്ഷ്നറി സര്‍വീസുകള്‍ ഇതിലുണ്ട്. കൂടാതെ ഓഫ്ലൈന്‍ ആയി നമുക്ക് വേറെ ഡിക്ഷ്നറികളും നല്‍കാനാവും. ഇതെല്ലാം ഈ റെപോസിറ്ററി ക്ലോണ്‍ ചെയ്ത ശേഷം നാം മാറ്റേണ്ട കാര്യങ്ങളാണ്. നാം ഇപ്പോള്‍ മാറ്റിയെടുത്ത സ്ക്രിപ്റ്റില്‍ ഉപയോക്താവ് പ്രത്യേകിച്ച് കൂട്ടിച്ചേക്കലുകള്‍ ഒന്നും വരുത്തേണ്ട ആവശ്യമില്ല. മലയാളം ഓഫ്‍ലൈന്‍ ഡിക്ഷ്നറി ഇതില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. കൂടാതെ ഗൂഗിള്‍ ട്രാന്‍സിലേഷനും ലഭ്യമാണ്. എന്നാല്‍ ഗൂഗിള്‍ ട്രാന്‍സിലേഷന്‍ സജ്ജമാക്കിയാല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗതയനുസരിച്ച് സബ്ടൈറ്റിലിന്റെ അര്‍ഥം വരാന്‍ താമസമുണ്ടാവുന്നത് പരിഗണിച്ച് അത് നിലവില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. കോണ്‍ഫിഗറേഷന്‍ ഫയലില്‍ ഒരു വാക്ക് മാത്രം ചേര്‍ത്തുകൊണ്ട് ഇത് സജ്ജമാക്കാനാവും.
എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?
mpv യില്‍ ഈ സ്ക്രിപ്റ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ ചില ഡിപന്റന്‍സി സോഫ്റ്റ്‍വെയറുകള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. pip3 ഉപയോഗിച്ചും apt-get install ഉപയോഗിച്ചും ആണ് പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. അതിനായി താഴെ കാണുന്ന കമാന്റുകള്‍ ടെര്‍മിനലില്‍ റണ്‍ ചെയ്യുക. mpv യും python3 യും സ്വതവേ ഗ്നുലിനക്സ് സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ആയിരിക്കും എന്നതിനാല്‍ അത് ചേര്‍ക്കുന്നില്ല.
sudo apt-get install lua5.3 socat xdotool xcompmgr
pip3 install pyqt5 numpy bs4
സ്ക്രിപ്റ്റ് പ്രവര്‍ത്തിക്കാനാവശ്യമായ നിലം ഒരുങ്ങിക്കഴിഞ്ഞു. ഇനി സ്ക്രിപ്റ്റിനെ ആനയിക്കാം.
ആദ്യം mpv യുടെ കോണ്‍ഫിഗറേഷന്‍ ഫോള്‍ഡറില്‍ scripts എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കണം. വരാന്‍ പോകുന്ന സ്ക്രിപ്റ്റിന് ഇരിക്കാനുള്ള സ്ഥലം ഒരുക്കിക്കൊടുക്കണല്ലോ... അതിനായി ഹോമില്‍ നിന്ന് ഈ രണ്ട് കമാന്റുകള്‍ റണ്‍ ചെയ്യുക
cd .conifg/mpv
mkdir scripts
ശേഷം github ല്‍ നിന്നും സ്ക്രിപ്റ്റ് clone ചെയ്യുക (അതായത് മ്മടെ കമ്പ്യൂട്ടറിലേക്ക് ചൂണ്ടുക)
git clone https://github.com/mujeebcpy/interSubs.git
ഇപ്പോള്‍ നമ്മുടെ കമ്പ്യൂട്ടറിലേക്ക് ആ സ്ക്രിപ്റ്റുകള്‍ എത്തിക്കഴിഞ്ഞു. ഇനി സ്ക്രിപ്റ്റ് കിടക്കുന്ന ഫോള്‍ഡറിനകത്ത് കയറാം
cd interSubs
ഇനി mpv യുടെ കോണ്‍ഫിഗ് ഫയലിലേക്ക് ആവശ്യമായ ഫയലുകളെ മൂവ് ചെയ്യണം. അതിനായി
mv interSubs.py interSubs.lua interSubs_config.py dicml.dict ~/.config/mpv/scripts/;
ഈ കമാന്റ് കൂടെ റണ്‍ ചെയ്യുക. പരിപാടി കഴിഞ്ഞു. ഇനി ഏതെങ്കിലും സബ്ടൈറ്റില്‍ ഉള്ള സിനിമ mpv യില്‍ തുറക്കുക. ശേഷം f5 എന്ന കീ അമര്‍ത്തുക. അപ്പോള്‍ സബ്ടൈറ്റിലില്‍ ചെറിയ മാറ്റം കാണാനാവും. ഇനി സംശയം വരുന്ന വാക്കിന് മുകളിലേക്ക് മൗസ് കൊണ്ടുപോയി നോക്കൂ.. മലയാളം അര്‍ഥം വരുന്നത് കാണാം.
ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ കൂടെ ഉള്‍പ്പെടുത്തേണ്ടവര്‍ക്ക്
ഇപ്പോള്‍ കിട്ടുന്ന ഡിക്ഷ്നറിക്ക് പുറമേ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ കൂടെ വേണം എന്നുള്ളവര്‍ക്ക് ചെറിയൊരു തിരുത്ത് വരുത്തിയാല്‍ മതി. മുമ്പ് കോപി ചെയ്ത interSubs_config.py എന്ന ഫയല്‍ തുറന്ന ശേഷം 28ാമത്തെ വരി ഇങ്ങനെ മാറ്റി സേവ് ചെയ്താല‍് മാത്രം മതി.
translation_function_names = ['tab_divided_dict','google']
സംശയങ്ങള്‍ക്ക് ...
എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ടെലിഗ്രാമിലെ ഈ ഗ്രൂപ്പിലോ എന്നോട് നേരിട്ടോ ചോദിക്കാവുന്നതാണ്.